വൈക്കോയുടെ തീക്കളി

കേരളത്തില്‍ കേരളത്തിന്റെ സ്വന്തം നദിയായ മുല്ലപ്പെരിയാറില്‍ അണക്കെട്ട്‌ നിര്‍മിക്കാനുള്ള സര്‍വ്വേക്കെതിരെ തമിഴ്‌നാട്ടിലെ എംഡിഎംകെ പാര്‍ട്ടി സമരം അഴിച്ചുവിട്ടിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി തേനി-കമ്പം റോഡ്‌ ഉപരോധിച്ച്‌ കേരളത്തിലേക്കുള്ള ചരക്കുവണ്ടികള്‍ എംഡിഎംകെ തടയുകയാണ്‌. അണക്കെട്ട്‌ സര്‍വേയുടെ ഭാഗമായി പാറയുടെ പരിശോധന നടത്തുന്നത്‌ അണക്കെട്ട്‌ തകര്‍ക്കാനുള്ള ഗൂഢനീക്കമാണെന്നും അണക്കെട്ട്‌ തകര്‍ത്ത്‌ 50 ലക്ഷം തമിഴരുടെ കുടിവെള്ളം മുട്ടിക്കാനും 2.19 ലക്ഷം ഹെക്ടര്‍ കൃഷി നശിപ്പിക്കാനുമാണ്‌ കേരളം ലക്ഷ്യമിടുന്നതെന്നുമാണ്‌ എംഡിഎംകെ ലീഡര്‍ വൈക്കോ ആരോപിക്കുന്നത്‌. കേരളം പുതിയ അണക്കെട്ട്‌ നിര്‍മാണവുമായി മുന്നോട്ടുപോയാല്‍ കേരളത്തിലേക്ക്‌ തമിഴ്‌നാട്ടില്‍നിന്നും ചരക്കുകള്‍ കൊണ്ടുവരുന്ന 12 റോഡുകളും ഉപരോധിക്കുമെന്നും വൈക്കോ മുന്നറിയിപ്പ്‌ നല്‍കുന്നു. പ്രാദേശികവാദവും രാഷ്ട്രീയ ഇടം നേടാനുള്ള ത്വരയും ഒരു നേതാവിനെ ഈവിധം ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ജല്‍പ്പനങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ വൈകോ. പ്രാദേശികവാദവും തീവ്രവാദവുമാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൂണ്ടിക്കാട്ടിയിരുന്നു.

നൂറില്‍പരം വര്‍ഷം പഴക്കമുള്ള, സുര്‍ക്കിയും കുമ്മായവും ചേര്‍ത്ത്‌ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും പല സ്ഥലങ്ങളിലും ചോര്‍ച്ചയുണ്ടെന്നും പല പരിശോധനാസംഘങ്ങളും കണ്ടെത്തിയതാണ്‌. ഇത്രയധികം പഴക്കമുള്ള സുര്‍ക്കി-കുമ്മായ ഡാമുകള്‍ ലോകത്ത്‌ വേറെയില്ല.


അണക്കെട്ടുകള്‍ക്കുപോലും ആയുസ്സ്‌ 100 വര്‍ഷമാണ്‌. ഈ അണക്കെട്ട്‌ തകര്‍ന്നാല്‍ ഇടുക്കിക്ക്‌ താഴെയുള്ള അഞ്ച്‌ ജില്ലകളാണ്‌ അപ്രത്യക്ഷമാകുക. ഇത്‌ നുണയാണെന്നും ചപ്പത്തുവരെയുള്ള സ്ഥലങ്ങള്‍ മാത്രമേ നശിക്കുകയുള്ളൂവെന്നും വാദിക്കുന്ന വൈകോ കേരളത്തിലെ ജനങ്ങളുടെ ജീവന്‌ ഒരു വിലയും നല്‍കുന്നില്ലെന്ന്‌ വ്യക്തമാണ്‌.പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഇപ്പോഴത്തെ അണക്കെട്ടിന്‌ താഴെ നിര്‍മിക്കുന്നതുപോലും തമിഴ്‌നാടിന്‌ ജലം ഉറപ്പുവരുത്താനാണെന്നിരിക്കെയാണ്‌ ഈവിധം വിവേകരഹിതമായ ആരോപണങ്ങള്‍ നിരത്തി തമിഴ്‌വികാരം ആളിക്കത്തിക്കാന്‍ തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ അപ്രസക്തനായിക്കൊണ്ടിരിക്കുന്ന വൈകോ ശ്രമിക്കുന്നത്‌. കേരളം ഉപഭോഗ സംസ്ഥാനമാണ്‌. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള അരിയും പച്ചക്കറികളും കോഴി-മാട്ടിറച്ചിയും മുട്ടയും പാലും എല്ലാം കേരളത്തിന്‌ ലഭിക്കുന്നത്‌ അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ്‌. സ്വയംപര്യാപ്തത നേടാന്‍ നാണ്യവിളകളുടെ പിന്നാലെ പരക്കം പായുന്ന, വയലുകള്‍ നികത്തി ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ ഉയര്‍ത്താന്‍ വെമ്പുന്ന റിയല്‍ എസ്റ്റേറ്റ്‌ ലോബികളുടെ ഇരകളാകുന്ന മലയാളിക്ക്‌ സാധ്യമായിട്ടില്ല.


പക്ഷെ പ്രാദേശികവികാര ചൂഷണം നടത്തുന്ന വൈകോ തിരിച്ചറിയാത്തത്‌ കേരളം ഈവിധം ഉപഭോഗവസ്തുക്കള്‍ വാങ്ങുമ്പോള്‍ അതിന്റെ ഗുണം കൊയ്യുന്നത്‌ തമിഴ്‌നാട്ടിലെ കര്‍ഷകരാണെന്നാണ്‌. കേരളത്തിലെ മില്‍മ മാത്രം തമിഴ്‌നാട്ടില്‍നിന്ന്‌ വാങ്ങുന്നത്‌ 1.5 ലക്ഷം ലിറ്റര്‍ പാലാണ്‌. ഇതിന്‌ പുറമെ മായം കലര്‍ന്ന വിവിധ ബ്രാന്റുകളില്‍പ്പെട്ട പാല്‍ യഥേഷ്ടം കേരളത്തില്‍ അങ്ങോളമിങ്ങോളം എത്തുന്നത്‌ തമിഴ്‌നാട്ടില്‍നിന്നാണ്‌. തമിഴ്‌നാടിന്റെ മുഖ്യ വിപണി കേരളമാണ്‌. കേരളം തമിഴ്‌നാട്ടില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും പാല്‍ വാങ്ങുന്നുണ്ട്‌. ചരക്ക്നീക്കം സ്തംഭിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക്‌ പാല്‍ ഒഴുക്കിക്കളയേണ്ടിവരികയും പഴം, പച്ചക്കറി മുതലായവ ചീഞ്ഞ്‌ എറിഞ്ഞുകളയേണ്ടിവരും. 10 വര്‍ഷം മുമ്പ്‌ തമിഴ്‌നാട്ടില്‍നിന്ന്‌ അറവുമാടുകളെ നടത്തിക്കൊണ്ടുവരുന്നതിനെതിരെ നിരോധനം ഏര്‍പ്പെടുത്തി തിരിച്ചയച്ചപ്പോഴും ഇതേ ഉപരോധം ഉണ്ടാകുകയും പഴം, പച്ചക്കറി മുതലായവ നശിക്കുകയും ചെയ്ത ഓര്‍മ മായാന്‍ സമയമായിട്ടില്ല. കന്നുകാലികള്‍ വാഹനത്തില്‍ കുത്തിനിറച്ചെത്തിത്തുടങ്ങിയത്‌ ഇതിന്‌ ശേഷമാണ്‌. തമിഴ്‌നാടിന്റെ മുഖ്യവിപണിയായ കേരളത്തിലേക്കുള്ള ചരക്ക്‌ പ്രവാഹം തടഞ്ഞാല്‍ ആയിരക്കണക്കിന്‌ തമിഴ്‌ കര്‍ഷകരും വ്യാപാരികളുമാണ്‌ പ്രതിസന്ധിയിലാവുക. തമിഴ്‌നാടിന്‌ വെള്ളം നല്‍കാന്‍ പ്രതിബദ്ധത കാണിക്കുന്ന കേരളത്തിനെതിരെ യുക്തിക്ക്‌ നിരക്കാത്ത ആരോപണങ്ങളുയര്‍ത്തി സമരം നടത്തിയാല്‍ തളരുന്നത്‌ സ്വന്തം നാട്ടുകാരാണെന്ന സാമാന്യബോധമെങ്കിലും ഒരു നേതാവിന്‌ വേണ്ടതാണ്‌.


ജന്മഭൂമി... 30 ഡിസംബര്‍  2009

1 comments:

രാഘവന്‍‌‌‌‌‌‌ said...

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ ഇടുക്കിക്ക്‌ താഴെയുള്ള അഞ്ച്‌ ജില്ലകളാണ്‌ അപ്രത്യക്ഷമാകുക. ഇത്‌ നുണയാണെന്നും ചപ്പത്തുവരെയുള്ള സ്ഥലങ്ങള്‍ മാത്രമേ നശിക്കുകയുള്ളൂവെന്നും വാദിക്കുന്ന വൈകോ കേരളത്തിലെ ജനങ്ങളുടെ ജീവന്‌ ഒരു വിലയും നല്‍കുന്നില്ലെന്ന്‌ വ്യക്തമാണ്.തമിഴ്‌നാടിന്റെ മുഖ്യവിപണിയായ കേരളത്തിലേക്കുള്ള ചരക്ക്‌ പ്രവാഹം തടഞ്ഞാല്‍ ആയിരക്കണക്കിന്‌ തമിഴ്‌ കര്‍ഷകരും വ്യാപാരികളുമാണ്‌ പ്രതിസന്ധിയിലാവുക. തമിഴ്‌നാടിന്‌ വെള്ളം നല്‍കാന്‍ പ്രതിബദ്ധത കാണിക്കുന്ന കേരളത്തിനെതിരെ യുക്തിക്ക്‌ നിരക്കാത്ത ആരോപണങ്ങളുയര്‍ത്തി സമരം നടത്തിയാല്‍ തളരുന്നത്‌ സ്വന്തം നാട്ടുകാരാണെന്ന സാമാന്യബോധമെങ്കിലും ഒരു നേതാവിന്‌ വേണ്ടതാണ്‌.