വലിയ മനസ്സുള്ള ചെറിയ മനുഷ്യന്‍

1966 ജനുവരി 11 ന്‌ രാവിലെ ഇന്ത്യന്‍ ജനത ദുഃഖകരമായ ഒരു വാര്‍ത്ത കേട്ടാണ്‌ ഉണര്‍ന്നത്‌. അവരുടെ കൊച്ചുമനുഷ്യന്‍ ശാസ്ത്രിജി താഷ്കെന്റില്‍വച്ച്‌ തലേദിവസം രാത്രി ഹൃദയാഘാതത്താല്‍ അന്തരിച്ചു. അതോടൊപ്പം ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ്‌ സമാധാനക്കരാര്‍ ഒപ്പിട്ട വാര്‍ത്തയും പുറത്തുവന്നു. ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എസ്‌. രാധാകൃഷ്ണന്‍ ഇന്ത്യന്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ അന്തരിച്ച പ്രധാനമന്ത്രിക്ക്‌ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലെ ബനാറസിനടുത്തുള്ള രാംനഗറില്‍ ഒരു സാധാരണ കുടുംബത്തില്‍ 1904 ഒക്ടോബര്‍ 2 ന്‌ ലാല്‍ബഹദൂര്‍ ജനിച്ചു. ലാല്‍ബഹദൂറിന്റെ അച്ഛന്‍ ഒരു സാധാരണ സ്കൂള്‍ അധ്യാപകനായിരുന്നു.

ലാല്‍ബഹദൂര്‍ പിന്നീട്‌ കാശി വിദ്യാപീഠത്തില്‍ ചേര്‍ന്നു. നിസ്സഹകരണ പ്രസ്ഥാനത്തോട്‌ കൂറ്‌ പ്രഖ്യാപിച്ച്‌ സ്കൂളുകളില്‍നിന്നും കോളേജുകളില്‍നിന്നും പുറത്തുവന്ന വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തീകരിക്കുവാന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ തുടങ്ങിയ ഒരു അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. ഗുരുക്കന്മാര്‍ നിസാരരല്ല, ആചാര്യ നരേന്ദ്രദേവ്‌ ആചാര്യ ജെ.ബി. കൃപലാനി, പ്രകാശം, ഡോ. സമ്പൂര്‍ണാനന്ദ മുതലായവര്‍. നാലുവര്‍ഷത്തെ പഠനത്തിനുശേഷം തത്വശാസ്ത്രത്തില്‍ 'ശാസ്ത്രി' ബിരുദം ലാല്‍ ബഹദൂറിന്‌ നല്‍കപ്പെട്ടു. അന്നുമുതല്‍ 'ലാല്‍ ബഹദൂര്‍ ശാസ്ത്രി' എന്നറിയപ്പെട്ടു. പലരും കരുതുന്നതുപോലെ ശാസ്ത്രി കുടുംബപ്പേരോ സ്ഥലപ്പേരോ ജാതിപ്പേരോ അല്ല. കാശി വിദ്യാപീഠം നിയന്ത്രിച്ചിരുന്നത്‌ 'സര്‍വന്റ്സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റി' ആയിരുന്നു. സൊസൈറ്റിയുടെ ആജീവനാന്ത മെമ്പറായിരുന്നു ശാസ്ത്രി. ആജീവനാന്ത മെമ്പര്‍മാര്‍ സൊസൈറ്റിക്കുവേണ്ടി മരണംവരെ ജോലിചെയ്യുവാന്‍ ബാധ്യസ്ഥരാണ്‌.

1942 ല്‍ ക്വിറ്റ്‌ ഇന്ത്യാ മൂവ്മെന്റില്‍ പങ്കെടുത്ത്‌ ജയിലിലായി. തന്റെ ഗുരുഭൂതനായ നെഹ്‌റുവുമായി അടുപ്പത്തിലായി. 1946 ല്‍ തെരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ അന്നത്തെ യുണൈറ്റഡ്‌ പ്രോവിന്‍സിന്റെ (ഇന്നത്തെ യുപി) അവിതര്‍ക്കിത കോണ്‍ഗ്രസ്‌ നേതാവായ ജി.വി. പാന്ത്‌ ശാസ്ത്രിയെ തന്റെ പാര്‍ലമെന്റ്‌ സെക്രട്ടറിയായി നിയമിച്ചു. പിന്നീട്‌ മുഖ്യമന്ത്രിയായ പാന്ത്‌ ശാസ്ത്രിയെ കാബിനറ്റ്‌ മന്ത്രിയായി തെരഞ്ഞെടുത്തു. പിന്നീട്‌ ശാസ്ത്രി യുപി ആഭ്യന്തരമന്ത്രിയായി. മികവുകള്‍ തെളിയിച്ച ശാസ്ത്രിയെ നെഹ്‌റു ദല്‍ഹിയിലേക്ക്‌ വിളിച്ച്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 1952 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ യഥാര്‍ത്ഥത്തില്‍ നയിച്ചത്‌ ശാസ്ത്രിയായിരുന്നു. കോണ്‍ഗ്രസ്‌ നേതൃത്വം നിര്‍ബന്ധിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ശാസ്ത്രി മത്സരിച്ചില്ല. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ശാസ്ത്രി രാജ്യസഭാ മെമ്പറായി. കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേയും ഗതാഗതവകുപ്പും ശാസ്ത്രിക്ക്‌ ലഭിച്ചു. താഴെക്കിടയില്‍നിന്നും വളര്‍ന്നുവന്ന ശാസ്ത്രി റെയില്‍വേയില്‍ വരുത്തിയ മാറ്റങ്ങള്‍ അത്ഭുതാവഹമായിരുന്നു. താഴ്‌ന്ന ക്ലാസുകളില്‍ ടോയ്‌ലറ്റ്‌ സൗകര്യങ്ങള്‍, ഇലക്ട്രിക്‌ ഫാന്‍ എന്നിവ ശാസ്ത്രിയുടെ സംഭാവനകളാണ്‌. താഴ്‌ന്ന ക്ലാസുകളില്‍ താലിഭക്ഷണം കൊണ്ടുവന്നതും ശാസ്ത്രിതന്നെ.

സാധാരണക്കാരില്‍ സാധാരണക്കാരനായ ശാസ്ത്രി മന്ത്രിക്കവകാശപ്പെട്ട സ്പെഷ്യല്‍ സലൂണ്‍ സൗകര്യം ഒരിക്കല്‍പോലും ഉപയോഗിച്ചിട്ടില്ല. കൊട്ടും കുരവയുമായി റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന ഇപ്പോഴത്തെ റെയില്‍വേമന്ത്രിമാര്‍ക്ക്‌ ഒരപവാദം. വേനല്‍ക്കാലത്ത്‌ ദല്‍ഹിയില്‍നിന്ന്‌ ബോംബെയിലേക്ക്‌ ശാസ്ത്രി യാത്രചെയ്തപ്പോള്‍ കടുത്ത ചൂടിനെ നേരിടുവാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു സാധാരണ കൂളര്‍ ശാസ്ത്രിയുടെ കംപാര്‍ട്ട്മെന്റില്‍ സ്ഥാപിച്ചു. ഇതേ കൂളര്‍ താന്‍ സഞ്ചരിക്കുന്ന രീതിയിലുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടോ എന്ന്‌ ശാസ്ത്രി ആരാഞ്ഞു. ഇല്ല എന്ന മറുപടി വന്നപ്പോള്‍ ട്രെയിന്‍ ആഗ്രക്കടുത്ത്‌ മഥുരയിലെത്തുന്നതിനു മുമ്പേ കൂളര്‍ ശാസ്ത്രി അഴിച്ചുമാറ്റിച്ചു. തത്വങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ശാസ്ത്രി അത്‌ പ്രായോഗികമാക്കുവാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നു. 1956 ല്‍ തുടര്‍ച്ചയായി മൂന്ന്‌ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ശാസ്ത്രി രാജിവെച്ചു. ഭരണകക്ഷി-പ്രതിപക്ഷം ഒന്നടങ്കം നിര്‍ബന്ധിച്ചിട്ടും ശാസ്ത്രി രാജി പിന്‍വലിച്ചില്ല. ഇന്നാണെങ്കിലോ എന്താണ്‌ അവസ്ഥ? 1957 ല്‍ ശാസ്ത്രി കോണ്‍ഗ്രസ്‌ ഇലക്ഷന്‍ കമ്മറ്റി കണ്‍വീനറായി. തുടര്‍ന്ന്‌ വിവിധ കേന്ദ്രമന്ത്രിസഭാ പദവികള്‍ വഹിച്ച ശാസ്ത്രി നെഹ്‌റുവിന്റെ പ്രതിനിധിയായി, കാശ്മീര്‍, പഞ്ചാബ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ വിവധ പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. 1961 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ ശാസ്ത്രി നെഹ്‌റുവിന്റെ വലംകയ്യായി. 1962 ലെ ചൈനീസ്‌ ആക്രമണകാലത്ത്‌ നിരാശനായ നെഹ്‌റുവിന്‌ ഉണര്‍വ്‌ നല്‍കിയതും മറ്റാരുമല്ല. കാമരാജ്‌ പദ്ധതിപ്രകാരം മന്തിസ്ഥാനം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച്‌ മന്ത്രിസ്ഥാനം രാജിവെച്ചു. ശാസ്ത്രിയുടെ അഭാവം ഭരണത്തെ ബാധിക്കുമെന്ന്‌ കണ്ടപ്പോള്‍ നെഹ്‌റു ശാസ്ത്രിയെ, വകുപ്പില്ലാമന്ത്രിയായി നിയോഗിച്ചു.

അപ്രതീക്ഷിത ചൈനീസ്‌ ആക്രമണത്തില്‍ ഹൃദയം തകര്‍ന്ന നെഹ്‌റു രോഗബാധിതനായി. തന്റെ പല ചുമതലകളും നെഹ്‌റു വകുപ്പില്ലാമന്ത്രിയായിരുന്ന ശാസ്ത്രിയെ ഏല്‍പ്പിച്ചു. 1964 ല്‍ ഭുവനേശ്വര്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തിനിടെ നെഹ്‌റുവിന്റെ രോഗം മൂര്‍ഛിച്ചു. 1964 മെയ്‌ 27 ന്‌ നെഹ്‌റു അന്തരിച്ചു. കോണ്‍ഗ്രസ്‌ പാര്‍ട്ടി ശാസ്ത്രിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ത്യയിലും വിദേശത്തുമുള്ള പല രാഷ്ട്രീയ നിരീക്ഷകരും കൊച്ചുമനുഷ്യനായ ശാസ്ത്രി എങ്ങനെ ഇന്ത്യയെ നയിക്കും എന്ന്‌ പുച്ഛിച്ചു. തുടക്കത്തില്‍ പതറിയെങ്കിലും ശാസ്ത്രി വിട്ടുകൊടുത്തില്ല. തന്റെ രണ്ടുവര്‍ഷത്തില്‍ താഴെയുള്ള ഭരണത്തിനിടെ ശാസ്ത്രി ഇന്ത്യയുടെ ആത്മധൈര്യവും അഭിമാനവും വീണ്ടെടുത്തു. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്‌ പരിഹാരം കണ്ടു. ചൈനീസ്‌ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും ആത്മവീര്യം വീണ്ടെടുത്തു. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച പാക്കിസ്ഥാന്റെ സൈനികമേധാവി അയൂബ്ഖാനെ സ്വന്തം തട്ടകത്തില്‍ ചെന്ന്‌ നേരിടുവാന്‍ ഉത്തരവ്‌ നല്‍കി. പാക്കിസ്ഥാന്റെ സുഹൃത്തായ ചൈനയുടെ അന്ത്യശാസനത്തിനും ഭീഷണിക്കും ഒരു വിലയും കല്‍പ്പിക്കാതെ തള്ളിക്കളഞ്ഞു.

ശാശ്വത സമാധാനത്തിനുവേണ്ടി താഷ്കെന്റ്‌ കരാറില്‍ ഒപ്പുവെച്ചു. 1966 ജനുവരി 10 ന്‌ ശാസ്ത്രി അന്തരിച്ചു. വലിയ മനസ്സുള്ള ആ ചെറിയ മനുഷ്യനെ ഇന്ത്യയും ഇന്ത്യക്കാരും മറന്നില്ലേ എന്ന്‌ സംശയം?

മുന്‍ പ്രധാനമന്ത്രി ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയേ പറ്റി ശ്രീ ജോണ്‍സണ്‍ മനയാനി ജന്മഭൂമിയില്‍ എഴുതിയ ലേഖനം

2 comments:

രാഘവന്‍‌‌‌‌‌‌ said...

സാധാരണക്കാരില്‍ സാധാരണക്കാരനായ ശാസ്ത്രി മന്ത്രിക്കവകാശപ്പെട്ട സ്പെഷ്യല്‍ സലൂണ്‍ സൗകര്യം ഒരിക്കല്‍പോലും ഉപയോഗിച്ചിട്ടില്ല. കൊട്ടും കുരവയുമായി റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന ഇപ്പോഴത്തെ റെയില്‍വേമന്ത്രിമാര്‍ക്ക്‌ ഒരപവാദം. വേനല്‍ക്കാലത്ത്‌ ദല്‍ഹിയില്‍നിന്ന്‌ ബോംബെയിലേക്ക്‌ ശാസ്ത്രി യാത്രചെയ്തപ്പോള്‍ കടുത്ത ചൂടിനെ നേരിടുവാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു സാധാരണ കൂളര്‍ ശാസ്ത്രിയുടെ കംപാര്‍ട്ട്മെന്റില്‍ സ്ഥാപിച്ചു. ഇതേ കൂളര്‍ താന്‍ സഞ്ചരിക്കുന്ന രീതിയിലുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടോ എന്ന്‌ ശാസ്ത്രി ആരാഞ്ഞു. ഇല്ല എന്ന മറുപടി വന്നപ്പോള്‍ ട്രെയിന്‍ ആഗ്രക്കടുത്ത്‌ മഥുരയിലെത്തുന്നതിനു മുമ്പേ കൂളര്‍ ശാസ്ത്രി അഴിച്ചുമാറ്റിച്ചു. തത്വങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ശാസ്ത്രി അത്‌ പ്രായോഗികമാക്കുവാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നു. 1956 ല്‍ തുടര്‍ച്ചയായി മൂന്ന്‌ ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ശാസ്ത്രി രാജിവെച്ചു. ഭരണകക്ഷി-പ്രതിപക്ഷം ഒന്നടങ്കം നിര്‍ബന്ധിച്ചിട്ടും ശാസ്ത്രി രാജി പിന്‍വലിച്ചില്ല. ഇന്നാണെങ്കിലോ എന്താണ്‌ അവസ്ഥ?

സന്തോഷ്‌ പല്ലശ്ശന said...

എന്തുകൊണ്ടും നല്ല ലേഖനം ഇത്തരം ലേഖനങ്ങള്‍ ബ്ളോഗ്ഗില്‍ സജീവമായി ഉണ്ടാവേണ്ടതാണ്‌... .. നന്ദി