ഒരാള്‍ക്ക് നൂറുവയസ്സുതികയുന്നത് വളരെ വിരളമാണല്ലോ. പല മഹത്തുക്കളുടെയും ശതാബ്ദജയന്തി നാം ആഘോഷിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദ ശതാബ്ദജയന്തിയാഘോഷങ്ങളാണ് മനസ്സില്‍ ഉയര്‍ന്നുവരുന്നത്. 1963ല്‍ ആ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുകയാണ്. സംഘം മുന്‍കയ്യെടുത്ത് നടത്തിയ ആഘോഷപരിപാടികള്‍ മാത്രമാണ് അന്ന് കേരളത്തില്‍ നടന്നതെന്നുപറയാം.
ശ്രീരാമകൃഷ്ണമിഷന്റെ ആഭിമുഖ്യത്തില്‍ മഠങ്ങളുള്ള സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നടന്നതിനെ വിസ്മരിക്കുന്നില്ല. വിവേകാനന്ദ ശതാബ്ദിയാഘോഷങ്ങളുടെ തുടര്‍ പരിപാടികളായിട്ടാണല്ലോ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ സ്വാമിജിക്ക് സ്മാരകം ഉയര്‍ന്നതും കരയില്‍ വിവേകാനന്ദ കേന്ദ്രം സ്ഥാപിതമായതും, വിവേകാനന്ദസ്വാമികള്‍ ഏറ്റെടുത്ത വേദാന്ത പ്രചരണവും അദ്ദേഹം ആഗ്രഹിച്ചിരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതമെമ്പാടും വേദികളുണ്ടാക്കിയതും. ശതാബ്ദി കഴിഞ്ഞ് 47 വര്‍ഷങ്ങള്‍പോയി. ഇനി ഒന്നര ശതാബ്ദമാഘോഷിക്കാന്‍ മൂന്നുകൊല്ലം കൂടിയേ വേണ്ടൂ.
ഇക്കഴിഞ്ഞയാഴ്ചയില്‍ നമ്മുടെയിടയില്‍ ജീവിച്ചിരിക്കുന്ന ഒരു മഹതിയുടെ നൂറാം പിറന്നാള്‍ കടന്നുപോയ വിവരം പത്രങ്ങളില്‍ വായിച്ചിരിക്കും. മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്ത് ശുകപുരത്തെ മതിലകത്തു ദേവകിയമ്മയ്ക്ക് നൂറുവയസ്സാകുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം അവാച്യമായിരുന്നു. അമൃതാ ടിവിയുടെ മലപ്പുറം പ്രതിനിധി അരവിന്ദന്‍ ഫോണില്‍ വിളിച്ച് ദേവകിയമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു. ഉടന്‍തന്നെ തിരുവനന്തപുരത്ത് ഒ. രാജഗോപാലനെ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ചടങ്ങാണെന്നും താന്‍ പോകുന്നുണ്ടെന്നും അറിയിച്ചു.
ദേവകിയമ്മയുമായി അടുപ്പമുള്ള വ്യക്തികള്‍ ഇന്ന് ബിജെപിയിലും മറ്റും കുറഞ്ഞുവരികയാണ്. അവരാകട്ടെ കുറേ വര്‍ഷങ്ങളായി പ്രായാധിക്യംമൂലം വീട്ടില്‍ത്തന്നെ കഴിയുകയുമാണ്. ഒന്നര വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബസഹിതം കോഴിക്കോട്ടേക്കുപോകുന്ന വഴിയില്‍ അവരുടെ വീടിനുമുന്നിലെത്തിയപ്പോള്‍ ഇറങ്ങിക്കണ്ട് നമസ്കാരം പറഞ്ഞു പോകാമെന്നുകരുതി ചെന്നപ്പോള്‍ വളരെ അവശനിലയിലാണ് ദേവകിയമ്മയെ കണ്ടത്. പറഞ്ഞു പരിചയപ്പെടുത്തിയപ്പോഴും ഓര്‍ക്കാന്‍ കഴിഞ്ഞില്ല. 'പട്ടേരിപ്പാടല്ലേ?' എന്നാണന്വേഷിച്ചത്. ആറേഴു വര്‍ഷം മുമ്പ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രം തയ്യാറാക്കുന്നതിനിടയില്‍ എടപ്പാളിലിറങ്ങി അവരുടെ വീട്ടില്‍പോയി. രാവിലെ എട്ടുമണിമുതല്‍ ഒരു മണിവരെ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു. അതിനുശേഷം ഒരുമിച്ച് ഊണുകഴിക്കുമ്പോഴാണ് ഞാന്‍ ചെന്നതിന്റെ ഉദ്ദേശ്യം പറഞ്ഞത്. ജനസംഘത്തിന്റെ സംസ്ഥാനാധ്യക്ഷയായിരുന്ന കാലത്തെ ഡയറികളും ധാരാളം ലഘുലേഖകളും മറ്റ് രേഖകളും അവര്‍ സൂക്ഷിച്ചിരുന്നു. അവയൊക്കെ ഉപയോഗിക്കാന്‍ തന്നു. ദീര്‍ഘകാലം പ്രശസ്തമായ വിധത്തില്‍ അധ്യാപനവൃത്തിയില്‍ കഴിഞ്ഞ അവര്‍ പാലക്കാട്ടെ ഗവണ്‍മെന്റ് മായന്‍ ഹൈസ്കൂളില്‍ പ്രഥമാധ്യാപികയായി 18 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലാണ് കേരള സംസ്ഥാനം രൂപീകൃതമായത്. മലബാറിലെയും തിരുകൊച്ചിയിലേയും സര്‍വീസ് സംയോജന പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ഏതാണ്ട് 20 വര്‍ഷമെടുത്തു. അതിനാല്‍ ദേവകിയമ്മയ്ക്ക് അര്‍ഹമായ പ്രമോഷനോ ശമ്പളമോ പെന്‍ഷനോ കിട്ടിയില്ല.
ആര്‍ഡിഡി എന്ന സ്ഥാനമാണ് ഒടുവില്‍ കിട്ടിയതത്രെ. തങ്ങളുടെതല്ലാത്ത കുറ്റത്തിന് ഇങ്ങനെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്ന എത്രയോപേര്‍ ഉണ്ടാവും.
ഹെഡ്മിസ്ട്രസ് സ്ഥാനത്തുനിന്നു വിരമിച്ചിരിക്കെയാണ് ദേവകിയമ്മയ്ക്ക് ജനസംഘത്തില്‍ താല്‍പര്യമുണ്ടായത്. 1967ലെ കോഴിക്കോട് സമ്മേളനത്തിനുശേഷം അവര്‍ അംഗത്വം സ്വീകരിക്കുകയും സജീവമായി രംഗത്തെത്തുകയും ചെയ്തു. പിന്നീട് സംസ്ഥാനാധ്യക്ഷസ്ഥാനംവരെ വഹിച്ചു. ദേവകിയമ്മ ശരിക്കും അമ്മയെപ്പോലെയാണ് പ്രവര്‍ത്തകരോട് ഇടപഴകിയത്. പരിപാടികള്‍ക്കായി എവിടെപ്പോകാനും ഒരുക്കമായിരുന്നു. അക്കാലത്തുതന്നെ മുന്നോട്ടുവന്ന പുന്നയൂര്‍ക്കുളത്തെ ടി.പി. വിനോദിനിയമ്മയും ദേവകിയമ്മയും ചേര്‍ന്ന് വളരെ ശക്തവും സജീവവുമായ ഒരു മഹിളാവിഭാഗം ജനസംഘത്തില്‍ വളര്‍ത്തിയെടുത്തിരുന്നു. കോഴിക്കോട്ടും കണ്ണൂരും പാലക്കാട്ടും തൃശൂരും ഗുരുവായൂരും ആലുവയിലും എറണാകുളത്തും കോട്ടയത്തും മറ്റും അക്കാലങ്ങളില്‍ നടന്നുവന്ന മഹിളാ പരിപാടികളും സമരങ്ങളും ആവേശപൂര്‍വം ഓര്‍ക്കുന്ന എത്രയോപേരെ ഇന്നും കാണാം. ആവേശകരമായിരുന്നു അവരുടെ പ്രസംഗങ്ങള്‍. "ദേവകിയമ്മ ടീച്ചര്‍ നടക്കുകയല്ല ഓടുകയാണ്" എന്നായിരുന്നു അന്നത്തെ പ്രവര്‍ത്തകര്‍ പറയാറ്.
അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷക്കാലം മിസാ തടവുകാരിയായി ദേവകിയമ്മ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. സംസ്ഥാനത്തെ ഉന്നതരായ പല പ്രമുഖരുടെയും ഗുരുനാഥകൂടിയായിരുന്ന ആ മഹതിയെ വേണ്ടത്ര പരിഗണനയോടുകൂടിവേണം കാരാഗൃഹത്തില്‍ താമസിപ്പിക്കാന്‍ എന്ന് ആഭ്യന്തരമന്ത്രി കരുണാകരനോ മുഖ്യമന്ത്രി അച്ചുതമേനോനോ ജയില്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്കോ തോന്നിയില്ല. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും വ്യാജമദ്യവില്‍പനയ്ക്കും മോഷണത്തിനും മറ്റും ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം മൂന്നാം ക്ലാസ് തടവുകാരിയായിരുന്നു അവര്‍. രാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുടെ ധര്‍മപ്രഭാഷണാവസരത്തില്‍ മറ്റുള്ളവരെ കാണാന്‍കഴിഞ്ഞുവെന്നതായിരുന്നു ആശ്വാസം. അടിയന്തരാവസ്ഥക്കെതിരെ ജാഥ നടത്തി ജയിലിലായപ്പോള്‍, ഒ. രാജഗോപാലന്റെ പേന വാങ്ങി മാപ്പെഴുതിക്കൊടുത്തു പുറത്തുവന്ന് ജയില്‍മന്ത്രിയായി, സഹതടവുകാരെ കാണാനെത്തിയ ബാലകൃഷ്ണപിള്ള അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നുമാത്രമല്ല, പിന്നീട് ജനതാ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ മറുകണ്ടം ചാടി അവിടെയെത്തി അതിന്റെ സംസ്ഥാന ഉപാധ്യക്ഷനാവുകയും ചെയ്തു. എങ്ങനെയുണ്ട് മലക്കം മറിച്ചിലുകള്‍?
ദേവികയമ്മ എന്നും അധൃഷ്യയായിക്കഴിഞ്ഞു. ബിജെപി രൂപീകൃതമായപ്പോള്‍ സംസ്ഥാന ഉപാധ്യക്ഷയായി. വാജ്പേയി പ്രധാനമന്ത്രിയായത് അവരുടെ ജീവിതാഭിലാഷത്തിന്റെ സാഫല്യമായി കരുതി. അദ്ദേഹം കോഴിക്കോട് ഗസ്തൗസില്‍ വന്നപ്പോള്‍ അവിടെചെന്ന് കാണാന്‍ പലവിധ തടസ്സങ്ങളും ഉണ്ടായി. കളക്ടര്‍ക്ക് തന്റെ പേര്‍ കുറിച്ചുകൊടുത്ത്, അത് പ്രധാനമന്ത്രിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെടുകയും ഉടന്‍ സന്ദര്‍ശനാനുമതി ലഭിക്കുകയും ചെയ്തതായി അവര്‍ എന്നോട് പറഞ്ഞു. രാജേട്ടനാണ് ദേവകിയമ്മയുടെ കാര്യം അടല്‍ജിയെ ധരിപ്പിച്ചത്.
ഒരു വലിയ ചരിത്രംതന്നെ ദേവകിയമ്മയെപ്പറ്റി എഴുതാനുണ്ട്. ആരോടും മുഖം നോക്കാതെ തന്റെ കാര്യം ധരിപ്പിക്കാനുള്ള തന്റേടം ചെറുപ്പം മുതല്‍ അവര്‍ക്കുണ്ടായിരുന്നു. ഒരു ടാസ്ക് മിസ്ട്രസ് ആയിട്ടാണവരെ സഹാധ്യാപകരും വിദ്യാര്‍ത്ഥികളും കണ്ടത്. അനപത്യതാ ദുഃഖം മറക്കാന്‍ അവര്‍ തന്റെ അധ്യേതാക്കളെയും പിന്നീട് സഹപ്രവര്‍ത്തകരെയും വത്സലിച്ചു.
100 നോട്ടൗട്ടില്‍ എത്തിനില്‍ക്കുന്ന ദേവകിയമ്മയ്ക്ക് ഈശ്വരന്‍ മനുഷ്യായുസ്സ് മുഴുവന്‍ നല്‍കട്ടെ.
അപ്രതീക്ഷിതമായിട്ടാണ് വട്ടംകളത്തുനിന്നും ഒരു ഇന്‍ലാന്‍ഡ് കിട്ടിയത്. അവിടെ കോലൊളമ്പിലെ കുന്നത്തുമനയില്‍ ശങ്കരനാരായണന്‍ ഭട്ടതിരിപ്പാടിന്റെ ശതാഭിഷേക ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ്. മലപ്പുറം ജില്ലയില്‍ ചങ്ങരംകുളത്തിനും എടപ്പാളിനും മധ്യേയാണ് ഈ സ്ഥലം. അദ്ദേഹത്തെ ഉദ്ദേശിച്ചാണ് 'പട്ടേരിപ്പാടാണോ' എന്ന് ദേവകിയമ്മ കണ്ടപ്പോള്‍ അന്വേഷിച്ചത്. പട്ടേരിപ്പാടിന് 1000 പൂര്‍ണചന്ദ്രന്മാരെ ദര്‍ശിക്കാനുള്ള സൗഭാഗ്യം ലഭിച്ചുവെന്നത് വലിയ കാര്യം തന്നെയാണ്. അദ്ദേഹവുമായും ജനസംഘകാലത്താണ് അടുത്തുപെരുമാറാന്‍ ഇടയായിട്ടുള്ളത്. തൃത്താലമണ്ഡലത്തിന്റെ കാര്യദര്‍ശിയായിരുന്നുവെന്നാണ് ഓര്‍മ. മെലിഞ്ഞുകൃശഗാത്രനായ പട്ടേരിപ്പാടിന് വിനയപൂര്‍വമല്ലാതെ പെരുമാറാനറിയില്ലായിരുന്നു. ഈ പംക്തികളില്‍ അദ്ദേഹത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ഓര്‍മ.
പൂജനീയ ഗുരുജി അന്തരിച്ച വാര്‍ത്ത പത്രത്തില്‍നിന്നറിഞ്ഞ ദിവസം ഞാന്‍ പട്ടാമ്പിയില്‍ ആയിരുന്നു. അന്ന് ഭട്ടതിരിപ്പാടുമൊരുമിച്ച് ജന്മഭൂമിയുടെ മൂലധനം സമാഹരിക്കുന്നതിനു ചിലരെ കാണാന്‍ നിശ്ചയിച്ചിരുന്നു. അതിന്‍പ്രകാരം എടപ്പാളിലെത്തി ഞങ്ങള്‍ ഒരുമിച്ച് അവരെ കാണാന്‍ പുറപ്പെട്ടു. നടന്നുനടന്ന് ഏതാണ്ട് മൂന്നുമണിക്കാണ് ഭട്ടതിരിപ്പാടിന്റെ ഇല്ലത്തെത്തിയത്. മെയിന്‍റോഡില്‍നിന്ന് നോക്കിയാല്‍ നോക്കെത്താത്തത്ര വിശാലമായൊരു പാടത്തുകൂടി നടന്നവിടെയെത്തി. പൂജനീയ ഗുരുജി അന്തരിച്ചനാള്‍ കലണ്ടറില്‍ തിരഞ്ഞുമനസ്സിലാക്കി.
അപ്പോള്‍ അന്ന് പൂരമാണ്. ഇടവത്തില്‍ പൂരം എന്റെ പിറന്നാള്‍. കാര്യം ഭട്ടതിരിപ്പാടിനോടുപറഞ്ഞു. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തിന്റെ പത്നി ഊണിനോടൊപ്പം അല്‍പം മധുരം കൂടി തയ്യാറാക്കി വിളമ്പി. അന്നത്തെ ആ ഊണ് ഒരിക്കലും മറക്കാനാവില്ല. ഭക്ഷണം കഴിഞ്ഞു അടുത്ത ബസ്സില്‍ കോഴിക്കോട്ടേക്ക് പോയി. പിന്നീട് എത്രയോ അവസരങ്ങളില്‍ അദ്ദേഹവുമായി അടുത്ത് പെരുമാറാന്‍ കഴിഞ്ഞു. ഞാന്‍ ജന്മഭൂമിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ 20ലേറെ വര്‍ഷക്കാലത്ത് അടുത്ത് ഇടപെടാന്‍ അവസരമുണ്ടായില്ലെന്നുതന്നെപറയാം. എന്നിട്ടും എവിടെനിന്നോ എന്റെ മേല്‍വിലാസം തേടിപ്പിടിച്ച് ശതാഭിഷേകത്തിനു ക്ഷണിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ ഓര്‍മിച്ചു എന്നത് വലിയ വിസ്മയമായിത്തോന്നുന്നു.
കഴിഞ്ഞ വാരാദ്യപ്പതിപ്പില്‍ കേരളത്തിലെ ഭാരതീയ വിദ്യാനികേതനിന്റെ മുപ്പതാം വാര്‍ഷികത്തെ അനുസ്മരിച്ചായിരുന്നല്ലോ ഈ പംക്തി. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി. മുപ്പത് കൊല്ലംകൊണ്ട് ആ പ്രസ്ഥാനം കൈവരിച്ച കാര്യങ്ങള്‍ കണ്ട് അത്ഭുതവിസ്മയങ്ങള്‍ കൊള്ളുകയാണ് ചെയ്തത്. കേരളത്തിന്റെ വിദ്യാഭ്യാസ സമൂഹത്തില്‍ അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനാത്മകമായ പുരോഗതിയുടെ ദൃശ്യം കണ്ണും കരളും കുളിര്‍പ്പിച്ചു. ആഘോഷമായിരുന്നില്ല അത്. ദൗത്യനിര്‍വഹണ വ്യഗ്രരായ ഏതാനും പേരുടെ സമാഗമമായിരുന്നു. പ്രഭാതത്തില്‍ 6.30 മുതല്‍ രാത്രി വൈകുന്നതുവരെയുള്ള കാര്യക്രമങ്ങളെല്ലാംതന്നെ വിദ്യാഭ്യാസമേഖലയെ അര്‍ത്ഥവത്താക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു. അവിടെവെച്ചു വളരെ നാളുകള്‍ക്കുശേഷം വിശ്വനാഥന്‍ സാറിനെ കാണാന്‍ സാധിച്ചത് വലിയ ഭാഗ്യമായി. ജനസംഘം സംഘടനാ കാര്യദര്‍ശിയെന്ന നിലയ്ക്ക് തിരുവനന്തപുരത്തുപോയ എഴുപതുകളുടെ ആദ്യം രാമന്‍പിള്ള സാറാണ് വിശ്വനാഥന്‍ജിയെ പരിചയപ്പെടുത്തിയത്. ഹിന്ദി അധ്യാപകനായ സാത്വികനെന്നേ എനിക്ക് തോന്നിയുള്ളൂ. തൈക്കാട് മേട്ടുക്കടയില്‍ സ്ഥിതിചെയ്ത കാര്യാലയത്തില്‍വച്ചും ധാരാളം കാണാറുണ്ടായിരുന്നു.
വിദ്യാനികേതന്റെ തുടക്കക്കാലത്ത് ഭാസ്ക്കര്‍ജിക്ക് തുണയായി അദ്ദേഹം പ്രവര്‍ത്തിച്ചുവന്നു. ആദ്യകാല പ്രവര്‍ത്തകരെ മുപ്പതാം വാര്‍ഷികത്തിന് ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. എണ്‍പത് കഴിഞ്ഞ വിശ്വനാഥജിക്ക് നടക്കാനും മറ്റും പ്രയാസമുണ്ടെങ്കിലും പാലക്കാട്ടെത്തി. താന്‍കൂടി പരിശ്രമിച്ചു തുടക്കം കുറിച്ച പ്രസ്ഥാനം വളര്‍ന്നുവികസിച്ച് വിരാട രൂപം കാട്ടിയത് തീര്‍ച്ചയായും അദ്ദേഹത്തെ ചരിതാര്‍ത്ഥനാക്കിയിരിക്കണം.
ജനസംഘത്തിന്റെ കേരള ഘടകം അധ്യക്ഷ സ്ഥാനതെത്തിയ ആദ്യ വനിത ,ദേവകി അമ്മയുടെ ശതാബ്ദിയോട് അനുബന്ധിച്ച് ശ്രീ പി നാരായണന്‍ ജന്മഭൂമിയില്‍ എഴുതിയ ലേഖനം
1 comments:
അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷക്കാലം മിസാ തടവുകാരിയായി ദേവകിയമ്മ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. സംസ്ഥാനത്തെ ഉന്നതരായ പല പ്രമുഖരുടെയും ഗുരുനാഥകൂടിയായിരുന്ന ആ മഹതിയെ വേണ്ടത്ര പരിഗണനയോടുകൂടിവേണം കാരാഗൃഹത്തില്‍ താമസിപ്പിക്കാന്‍ എന്ന് ആഭ്യന്തരമന്ത്രി കരുണാകരനോ മുഖ്യമന്ത്രി അച്ചുതമേനോനോ ജയില്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്കോ തോന്നിയില്ല. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും വ്യാജമദ്യവില്‍പനയ്ക്കും മോഷണത്തിനും മറ്റും ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം മൂന്നാം ക്ലാസ് തടവുകാരിയായിരുന്നു അവര്‍. രാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുടെ ധര്‍മപ്രഭാഷണാവസരത്തില്‍ മറ്റുള്ളവരെ കാണാന്‍കഴിഞ്ഞുവെന്നതായിരുന്നു ആശ്വാസം. അടിയന്തരാവസ്ഥക്കെതിരെ ജാഥ നടത്തി ജയിലിലായപ്പോള്‍, ഒ. രാജഗോപാലന്റെ പേന വാങ്ങി മാപ്പെഴുതിക്കൊടുത്തു പുറത്തുവന്ന് ജയില്‍മന്ത്രിയായി, സഹതടവുകാരെ കാണാനെത്തിയ ബാലകൃഷ്ണപിള്ള അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നുമാത്രമല്ല, പിന്നീട് ജനതാ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ മറുകണ്ടം ചാടി അവിടെയെത്തി അതിന്റെ സംസ്ഥാന ഉപാധ്യക്ഷനാവുകയും ചെയ്തു. എങ്ങനെയുണ്ട് മലക്കം മറിച്ചിലുകള്‍?
Post a Comment